Wednesday, 27 June 2007

ചില വെറും കഥകള്‍

ചെറുപ്പം തൊട്ടെ എന്റെ സ്വപ്നങ്ങളില്‍ ‍ എന്നും ചെറിയ ചായപ്പീടികയിലെ ചെറിയ ചില്ലലമാരകൂട്ടിലെ പല‍ഹാരങ്ങള്‍ ഉണ്ടായിരുന്നു.വീട്ടിലെ പട്ടിണീ അടുപ്പുകളില്‍ വിളയുന്ന പലഹാരങ്ങള്‍ വയറിനു മാത്രമേ വിശപ്പു തീര്‍ത്തുള്ളൂ.മനസ്സിന്റെ വിശപ്പ് ബാക്കിയാക്കി.

ചില്ലലമാരയിലെ പലഹാരങ്ങള്‍ക്ക് ഞാന്‍ പുതിയ സ്വാതന്ത്ര്യത്തിന്റെ ലോകം കണ്ടു.വെടി പറഞ്ഞു ചായയും ഉണ്ടയും, പഴമ്പോരിയുമെല്ലാം തിന്നുന്ന കാരണാവന്മാരെ ഞാന്‍ ശക്തമായ സ്വാതന്ത്ര്യ അനുഭവിക്കുന്ന മഹാന്‍ മാരായാണ് കണ്ടത്.

ഒരിക്കലും തീ ആളിക്കത്താത്ത ചായപ്പീടിക ചകിരിയും ഉണങ്ങിയിട്ടില്ലാത്ത വിറകും ചായപ്പീടികയ്യുടെ ചുമരുകള്‍ക്ക് കരിനിറം നല്‍കി.ചായക്കാരന്റെ സംഭാഷണത്തിന്റെ മുക്കാല്‍ ഭാഗവും അടുപ്പ് കവര്‍ന്നെടുത്തിരുന്നു.അടുപ്പില്‍ ഊതാന്‍ അല്ലെങ്കില്‍ തീക്ക് ജീവന്‍ കൊടുക്കാന്‍ അയാള്‍ ഒരു പ്രഥമ ശുശ്രൂശക്കാരനെ പോലെ കുനിഞ്ഞ് നിന്ന് അഹോരാത്രം പണിപ്പെട്ടു.കറുത്ത നിറമുള്ള ഓടുകള്‍ക്കിടയിലൂടെ അലസമായി വരുന്ന വെള്ളയില്‍ ഇഴ മുറിഞ്ഞ പുക ആ അങ്ങാടിയുടെ സമയം കുറിച്ചു.

ദിവാകരേട്ടന്‍ കട തുറക്കണമെങ്കില്‍ രാവിലെ 5.30 മണീയാകും.അടക്കാന്‍ 9 മണിയും.ചെറിയ മുളക്കമ്പില്‍ കുത്ത്യെടുക്കുന്ന പുട്ട് നല്ല വാഴയിലയിലേക്ക് കുത്തിയിടുമ്പോള്‍ പുതിയ രുചിയുടെ ലോകം പിറക്കും.നാണയ തുട്ടുകളും ചത്ത നോട്ടുകളും എണ്ണികണക്കാക്കി പീടിക പൂട്ടുമ്പോള്‍ എന്നെങ്കിലും കിട്ടാതിരിക്കില്ല എന്ന പതിവു നിശ്വാസത്തില്‍ പറ്റു ബുക്കു മടക്കി വെക്കുന്നു.

പറ്റുകള്‍ക്കോ അത് കിട്ടുന്നതിലോ അല്ല കാര്യം എന്നും പീടിക തുറക്കുക എന്നുള്ളതാണ് എന്ന് ദിവാകരേട്ടന്‍ മനസ്സില്‍ പറഞ്ഞിരിക്കണം. വളരെ ശക്തമായി ഉരു‍ത്തിരിഞ്ഞു വരുന്ന കല്യാണ ചര്‍ച്ചകളും അടിയന്തിരങ്ങളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടും അല്ലാതെയും പോയി.പീടികയുടെ ചായ്പ് വിട്ട് എങ്ങോട്ടും പോവാത്ത ദിവാകരേട്ടന്‍ മാത്രം ലോകത്തിന്റെ സ്പന്ദനങ്ങള്‍ ഒന്നൊഴിയാതെ അറിഞ്ഞു, അഭിപ്രായങ്ങളും പറഞ്ഞു.പാവങ്ങളെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.തെരെഞ്ഞെടുപ്പുകളില്‍ ചേരിതിരിഞ്ഞുള്ള വാചക കസര്‍ത്തുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ദിവാകരേട്ടന്‍ ഒന്നിനും അഭിപ്രായം പറഞ്ഞീല്ല.അല്ലെങ്കില്‍ അതിനൊന്നും ദിവാകരേട്ടന്‍ ഒരു വിലയും കല്പിച്ചില്ല.

കുട്ടികള്‍ മുറ്റത്തു നടുന്ന ചെറുയ കാശിതുമ്പപൂക്കളെ പോലെ അത് ആര്‍ക്കോ വേണ്ടി പൂവിടുന്നതല്ലേ എന്ന് ഓര്‍ത്തിരിക്കണം.

കത്തിയെരിയുന്ന വേനലിലും ആര്‍ത്തു പെയ്യുന്ന വര്‍ഷ കാലത്തും കറുത്തിരുണ്ട ഓടുകള്‍ക്കിടയിലൂടെ ഒരേ പോലെ പുക പടലങ്ങള്‍ ഉയര്‍ന്നു.അല്‍മാരയില്‍ ഒരിക്കലും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പലഹാരങ്ങള്‍ വന്നില്ല.പൈസ വെക്കുന്ന മേസയോ പഴക്കുല തൂക്കിയിടുന്ന സ്ഥാനമോ അല്പം പോലും മാറിയില്ല.പച്ച ബെല്‍ട്ടും, കള്ളി ത്തുണിയും ,പിന്നെ കൈയുള്ള വെള്ള ബനിയനും.

എന്റെ സ്വപ്നങ്ങളുടേ ചില്ലലമാരക്കൂടിന്റെ കാവല്‍ കാരന്റെ ചിത്രം പൂര്‍ണമാവാന്‍ ഇത്രമാത്രം മതി.

ഒടുവില്‍ ക്യാന്‍സര്‍ വന്ന് കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ പോയപ്പോഴും നാഗശേരിയിലെ കഥകള്‍ ഒന്നു വിട്ടുപോകാതെ അദ്ദേഹം എന്നോട് പറഞ്ഞു.ഞാന്‍ എല്ലാം അറിഞ്ഞിട്ടു കൂടി.കാന്‍സര്‍ ആശുപത്രിയില്‍ കിടക്കുന്ന മറ്റു രോഗികളുടെ കഥന കഥകള്‍ പറഞ്ഞു.

ഞാന്‍ എന്നും അദ്ദേഹത്തിന്റെ ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നിട്ടും.അദ്ദേഹത്തിന് എന്നെ നന്നായി അറിയാമായിരുന്നു.സരസമായി മാത്രം സംസാരിച്ചിരുന്നതു കേട്ടപ്പോല്‍ ഞാന്‍ കരുതി ഇനിയും അയാള്‍ പ്രതീക്ഷയ്യുടെ പുകച്ചുരുകള്‍ പടച്ചു വിടാന്‍ വീണ്ടും അങ്ങാടിയില്‍ എത്തുമെന്ന്.

----------------------------പക്ഷെ ഒന്നുമുണ്ടായില്ല.-------------------------

5 Comments:

At 27 June 2007 at 17:55 , Blogger സാരംഗി said...

ഗ്രാമങ്ങളില്‍ ചായപ്പീടികയുടെ പ്രാധാന്യം എത്രത്തോളമുണ്ടായിരുന്നു എന്നത് ഇത് വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നു. കുഞ്ഞുന്നാളില്‍, വൈകിട്ട് നാലുമണിയ്ക്ക് മുത്തച്ഛന്‍ വാങ്ങിച്ചുകൊണ്ടു വരുന്ന കടപ്പലഹാരത്തിന്റെ രുചി പിന്നീട് ഇന്നുവരെ ഒരിടത്തും കിട്ടിയിട്ടില്ല. :)
നന്നായി എഴുതിയിരിക്കുന്നു സഞ്ചാരീ.

 
At 27 June 2007 at 21:16 , Blogger തറവാടി said...

പ്രിയ സഞ്ചാരി ,

നന്നായെഴുതിയിരിക്കുന്നു , പീടികക്കാരന്‍ ചന്ദ്രനേയും , താമിയേയും ഓര്‍ത്തു , നന്ദി

 
At 27 June 2007 at 21:22 , Blogger വല്യമ്മായി said...

നിശ്ചലമെന്ന് നാം കരുതുന്ന ഒരു പാട് ജീവിതങ്ങളുണ്ട്.പക്ഷെ ഒച്ചയുണ്ടാക്കി ചലിക്കുന്ന അനേകരേക്കാള്‍ അനുഭവ സമ്പത്ത് അവര്‍ക്ക് തന്നെയാകും.നാട്ടിന്‍പുറങ്ങളിലെ ചായപ്പീടികകള്‍ ആ നാടിന്റെ തന്നെ ഹൃദയമായിരുന്ന കാലമുണ്ടായിരുന്നു.വളരെ നല്ല കുറിപ്പ്.

 
At 27 June 2007 at 21:50 , Blogger സഞ്ചാരി said...

ഒരു പാട് നന്ദി
സാരംഗി, തറവാടി, വല്യമ്മായി
അപൂര്‍ണമായ ഈ ഒരു കുറിപ്പിന് ഇത്രയും പ്രോത്സാഹനം നല്‍കിയതിന്.

 
At 9 July 2007 at 04:24 , Blogger payyans said...

സഞ്ചാരി....
ഓര്‍മ്മകളുടെ തുണ്ടുകള്‍ ...അതിലുള്ള സത്യത്തിന്റെ നിഴലുകള്‍.. നോക്കിനും വാക്കിനും അപ്പുറത്തു കാണാന്‍ ഉള്ള കഴിവ്‌......നന്നായിരിക്കുന്നു...
-പയ്യന്‍സ്‌-

 

Post a Comment

Subscribe to Post Comments [Atom]

<< Home