Tuesday, 10 June 2008

പഴമ്പുരാണം.....

രാ‍വില്‍ വെറുതെ കൂട്ടം തെറ്റി പറന്നു വരുന്നതു പോലെയുള്ള വവ്വാലുകള്‍.ശരവേഗത്തില്‍ പായുന്ന അവറ്റകള്‍ക്ക് കണ്ണുകള്‍ ഇല്ലത്രെ .അതെനിക്കൊരു പുതിയ അറിവായിരുന്നു.ശതവേഗത്തില്‍ മനക്കണക്കുകള്‍ കൂട്ടി ഒരു സൂത്രശാലിയായ കച്ചവടക്കാരനെക്കാള്‍ വേഗത്തില്‍ അത് തടസ്സങ്ങള്‍ അറിയുന്നു,ഗതിവേഗം നിയന്ത്രിക്കുന്നു,അത്ഭുതം തന്നെ. മെല്ലെ മെല്ലെ നീങ്ങുന്ന ജീവിത യാത്രയില്‍ പോലും ഗതി വേഗം നിയന്ത്രിക്കാന്‍ എനിക്ക് കഴിയാതെ പോകുന്നതെന്തേ എന്നു മാത്രം ഞാന്‍ ചിന്തിച്ചു.മനക്കണക്കുകള്‍ എല്ലാം ശരിയാവാത്തതാണോ കാരണം.ആയിരിക്കില്ല, മനക്കണക്കുകള്‍ എപ്പോഴും അങ്ങനെയാണ്.ആലോചിച്ചത് തന്നെ പിന്നെയും പിന്നെയും ആലോചിച്ചു കൊണ്ടിരിക്കും.അല്ലെങ്കില്‍ എഴുതി വെക്കണം.പക്ഷെ എഴുതി വെച്ചാല്‍ പിന്നെ അതിന്റെ രസം പോയി,അറ്റം കിട്ടാതെയുള്ള കൂട്ടലും കിഴിക്കലും അതാണ് അതിന്റെ ഒരു രസം. അരികടര്‍ന്ന റോഡില്‍ ചെറിയ ചെറിയ കുറ്റിക്കാടുകളേ നോക്കി.പാതി ചാഞ്ഞ വൈദ്യതി മരങ്ങളെ തൊട്ട്.റോഡിലെ ചെറിയ ചെറിയ കുഴികള്‍ മഴ വെള്ളം നിറഞ്ഞ തെളിമയുള്ള ചെറിയ ചെറിയ കുളങ്ങള്‍.തുമ്പപ്പൂവും ഏതോ പേരറിയാത്ത ചെറിയ പൂവും ചേര്‍ത്ത് അരയന്നങ്ങളെ ഉണ്ടാക്കി കളിക്കാം. ചെറുതായി ഒന്നു ഊതിയാല്‍ അത് ഒഴുകാന്‍ തുടങ്ങും.മനക്കണക്കുകള്‍ തെറ്റി ഏതെങ്കിലും വണ്ടികള്‍ വന്നാല്‍ അരയന്നങ്ങള്‍ പിന്നെ ഓര്‍മകളാകും.ചതഞ്ഞ തുമ്പപ്പൂക്കള്‍ റോഡില്‍ അങ്ങിങ്ങ് ചിതറിക്കിടക്കും. അരപട്ടിണീക്കാരന്റെ സ്വപ്നങ്ങള്‍ പോലെ.

അതു വഴി അങ്ങനെയൊന്നും അധികം വണ്ടികള്‍ വരാറില്ല.ചിലപ്പോള്‍ ചില ലോറികള്‍ വരും.അപ്പുറത്തെവിടെയോ ഒരു ലോറി ഡ്രൈവര്‍ ഉണ്ട്.ലോറിയുടെയും കയറ്റി വരുന്ന ഭാരവും കൂടി താങ്ങാനാവാതെ ലോറിയുടേ ചക്രപ്പാടുകള്‍ റോഡില്‍ തെളിഞ്ഞു കാണാം.പിന്നെ പിന്നെ അത് ഒരു തുരു‍ത്തു പോലെയാകും.ചെരുപ്പ് മുറിച്ച് ചക്രങ്ങളുണ്ടാക്കി അതുകൊണ്ടുണ്ടാക്കുന്ന കൈവണ്ടികള്‍ ആ തുരുത്തിലൂടെ ഓടിച്ചു കളിക്കുനതും ഒരു രസം തന്നെയാണ്.

ഞാനെന്തിന് വെറുതെ കുറെ പഴയ കാര്യങ്ങള്‍ ആലോചിച്ചിരിക്കണം.കാണുന്നവര്‍ എന്ത് വിചാരിക്കും.ഇവന്‍ ഒരു സ്വപ്ന ജീവിയാണെന്ന് കരുതില്ലെ.കഷ്ടം.

പുതിയതെന്തെങ്കിലും ആലോചിക്കാം.പുതിയ ജോലി,കല്യാണം തുടങ്ങിയവയൊക്കെ. മഞ്ഞു പെയ്യുന്ന പ്രഭാതങ്ങളില്‍ നേരത്തെ ഏഴുന്നേറ്റ് പശുവിനെ കുളിപ്പിച്ചതും.പാടവരമ്പിലൂടെ കാമുകന്റെ മാറില്‍ ചാഞ്ഞു കിടക്കുന്ന കാമുകിയെ ഓര്‍മപ്പെടുത്തുമാറ് നെല്ലോലകള്‍ വയല്വരമ്പിലേക്ക് ചാഞ്ഞു കിടക്കുന്നത് ചവിടാതെ പോകണം, അത് നെല്ലിന്റെ മധുവിതു കാലമാണെന്ന് ഓര്‍ത്തിട്ട് സൂക്ഷിച്ച് നടക്കണം.നനുത്ത മഞ്ഞിന്‍ തുള്ളികള്‍ കാലില്‍ തട്ടി ഒരു കുളിര്‍ മനസ്സിലേക്ക് വരുന്നതുമെല്ലാം ഇനി ഓര്‍ക്കാതിരിക്കാം.കാരണം ഞാന്‍ ഒരു സ്വപ്നജീവിആവരുതല്ലോ.

മനസ്സ് അല്ലെങ്കിലും ആറ്റില്‍ കിടക്കുന്ന തുഴയാത്ത തോണിയെ പോലെയാണ് .ഒന്നു തുഴഞ്ഞില്ലെങ്കില്‍ പിന്നെ അത് ഇഷടത്തിന് പോകും.എന്നാല്‍ വഞ്ചിയെ പോലെ പിടിച്ചു കെട്ടാനൊക്കുമോ.അതു പറ്റുകയുമില്ല.പൈക്കളെ മേയ്ക്കാന്‍ മലയിലേക്ക് കൊണ്ടു പോകുമ്പോള്‍ അല്ലെങ്കില്‍ അവ അലഞ്ഞു തിരിയുമ്പോള്‍ മുഷിയാതെയിരിക്കാന്‍.മരക്കമ്പുകള്‍‍ കൊണ്ട് കമ്യൂണിസ്റ്റ് പച്ചയുടെ ഇളം കഴുത്തുകള്‍ അരിയാം ചിത്രകഥകളില്‍ വായിക്കുന്ന യുദ്ധങ്ങള്‍ അനുസ്മരിക്കാം. യോഡ്ധാവിനെ പോലെ ശത്രുക്കളേ കൊന്നു തള്ളാം.തലയറ്റു വീഴുന്ന കമ്യൂണിസ്റ്റ് പച്ചകള്‍ ഊറിച്ചിരിച്ചിട്ടുണ്ടാ‍ാവണം ഈ വിഡ്ഡിത്തം കണ്ടിട്ട്.തമ്മില്‍ തമ്മില്‍ പിന്നീട് ഈ സ്വപ്നജീവി അവരുടെ വെടിപറച്ചിലില്‍ ഒരു തമാശ കഥാപാത്രമായിട്ടുണ്ടാവണം.

കഷ്ടം.......

(തീര്‍ന്നില്ല പഴമ്പുരാണം..)

4 Comments:

At 10 June 2008 at 23:41 , Blogger ഗോപക്‌ യു ആര്‍ said...

not a mutual itching....actually ... nalla shaily...i liked it...

 
At 12 June 2008 at 04:25 , Blogger ശ്രീ said...

എല്ലാവരും കുറച്ചു നേരമെങ്കിലും സ്വപ്നജീവിയാകാന്‍ ഇഷ്ടപ്പെടുന്നവരായിരിയ്ക്കില്ലേ?
:)
പഴമ്പുരാ‍ണങ്ങള്‍ തുടരട്ടേ മാഷേ...

 
At 19 June 2008 at 02:38 , Blogger Unknown said...

ചായപ്പീടികേലെ പഴമ്പുരാണം ഗംഭീരം.
തുടരുക....

 
At 23 June 2008 at 02:46 , Blogger സഞ്ചാരി said...

Thanks to all

Mr.Nigooda bhumi
Mr.Sree
Mr.Najeeb

 

Post a Comment

Subscribe to Post Comments [Atom]

<< Home