Tuesday, 10 June 2008

പഴമ്പുരാണം.....

രാ‍വില്‍ വെറുതെ കൂട്ടം തെറ്റി പറന്നു വരുന്നതു പോലെയുള്ള വവ്വാലുകള്‍.ശരവേഗത്തില്‍ പായുന്ന അവറ്റകള്‍ക്ക് കണ്ണുകള്‍ ഇല്ലത്രെ .അതെനിക്കൊരു പുതിയ അറിവായിരുന്നു.ശതവേഗത്തില്‍ മനക്കണക്കുകള്‍ കൂട്ടി ഒരു സൂത്രശാലിയായ കച്ചവടക്കാരനെക്കാള്‍ വേഗത്തില്‍ അത് തടസ്സങ്ങള്‍ അറിയുന്നു,ഗതിവേഗം നിയന്ത്രിക്കുന്നു,അത്ഭുതം തന്നെ. മെല്ലെ മെല്ലെ നീങ്ങുന്ന ജീവിത യാത്രയില്‍ പോലും ഗതി വേഗം നിയന്ത്രിക്കാന്‍ എനിക്ക് കഴിയാതെ പോകുന്നതെന്തേ എന്നു മാത്രം ഞാന്‍ ചിന്തിച്ചു.മനക്കണക്കുകള്‍ എല്ലാം ശരിയാവാത്തതാണോ കാരണം.ആയിരിക്കില്ല, മനക്കണക്കുകള്‍ എപ്പോഴും അങ്ങനെയാണ്.ആലോചിച്ചത് തന്നെ പിന്നെയും പിന്നെയും ആലോചിച്ചു കൊണ്ടിരിക്കും.അല്ലെങ്കില്‍ എഴുതി വെക്കണം.പക്ഷെ എഴുതി വെച്ചാല്‍ പിന്നെ അതിന്റെ രസം പോയി,അറ്റം കിട്ടാതെയുള്ള കൂട്ടലും കിഴിക്കലും അതാണ് അതിന്റെ ഒരു രസം. അരികടര്‍ന്ന റോഡില്‍ ചെറിയ ചെറിയ കുറ്റിക്കാടുകളേ നോക്കി.പാതി ചാഞ്ഞ വൈദ്യതി മരങ്ങളെ തൊട്ട്.റോഡിലെ ചെറിയ ചെറിയ കുഴികള്‍ മഴ വെള്ളം നിറഞ്ഞ തെളിമയുള്ള ചെറിയ ചെറിയ കുളങ്ങള്‍.തുമ്പപ്പൂവും ഏതോ പേരറിയാത്ത ചെറിയ പൂവും ചേര്‍ത്ത് അരയന്നങ്ങളെ ഉണ്ടാക്കി കളിക്കാം. ചെറുതായി ഒന്നു ഊതിയാല്‍ അത് ഒഴുകാന്‍ തുടങ്ങും.മനക്കണക്കുകള്‍ തെറ്റി ഏതെങ്കിലും വണ്ടികള്‍ വന്നാല്‍ അരയന്നങ്ങള്‍ പിന്നെ ഓര്‍മകളാകും.ചതഞ്ഞ തുമ്പപ്പൂക്കള്‍ റോഡില്‍ അങ്ങിങ്ങ് ചിതറിക്കിടക്കും. അരപട്ടിണീക്കാരന്റെ സ്വപ്നങ്ങള്‍ പോലെ.

അതു വഴി അങ്ങനെയൊന്നും അധികം വണ്ടികള്‍ വരാറില്ല.ചിലപ്പോള്‍ ചില ലോറികള്‍ വരും.അപ്പുറത്തെവിടെയോ ഒരു ലോറി ഡ്രൈവര്‍ ഉണ്ട്.ലോറിയുടെയും കയറ്റി വരുന്ന ഭാരവും കൂടി താങ്ങാനാവാതെ ലോറിയുടേ ചക്രപ്പാടുകള്‍ റോഡില്‍ തെളിഞ്ഞു കാണാം.പിന്നെ പിന്നെ അത് ഒരു തുരു‍ത്തു പോലെയാകും.ചെരുപ്പ് മുറിച്ച് ചക്രങ്ങളുണ്ടാക്കി അതുകൊണ്ടുണ്ടാക്കുന്ന കൈവണ്ടികള്‍ ആ തുരുത്തിലൂടെ ഓടിച്ചു കളിക്കുനതും ഒരു രസം തന്നെയാണ്.

ഞാനെന്തിന് വെറുതെ കുറെ പഴയ കാര്യങ്ങള്‍ ആലോചിച്ചിരിക്കണം.കാണുന്നവര്‍ എന്ത് വിചാരിക്കും.ഇവന്‍ ഒരു സ്വപ്ന ജീവിയാണെന്ന് കരുതില്ലെ.കഷ്ടം.

പുതിയതെന്തെങ്കിലും ആലോചിക്കാം.പുതിയ ജോലി,കല്യാണം തുടങ്ങിയവയൊക്കെ. മഞ്ഞു പെയ്യുന്ന പ്രഭാതങ്ങളില്‍ നേരത്തെ ഏഴുന്നേറ്റ് പശുവിനെ കുളിപ്പിച്ചതും.പാടവരമ്പിലൂടെ കാമുകന്റെ മാറില്‍ ചാഞ്ഞു കിടക്കുന്ന കാമുകിയെ ഓര്‍മപ്പെടുത്തുമാറ് നെല്ലോലകള്‍ വയല്വരമ്പിലേക്ക് ചാഞ്ഞു കിടക്കുന്നത് ചവിടാതെ പോകണം, അത് നെല്ലിന്റെ മധുവിതു കാലമാണെന്ന് ഓര്‍ത്തിട്ട് സൂക്ഷിച്ച് നടക്കണം.നനുത്ത മഞ്ഞിന്‍ തുള്ളികള്‍ കാലില്‍ തട്ടി ഒരു കുളിര്‍ മനസ്സിലേക്ക് വരുന്നതുമെല്ലാം ഇനി ഓര്‍ക്കാതിരിക്കാം.കാരണം ഞാന്‍ ഒരു സ്വപ്നജീവിആവരുതല്ലോ.

മനസ്സ് അല്ലെങ്കിലും ആറ്റില്‍ കിടക്കുന്ന തുഴയാത്ത തോണിയെ പോലെയാണ് .ഒന്നു തുഴഞ്ഞില്ലെങ്കില്‍ പിന്നെ അത് ഇഷടത്തിന് പോകും.എന്നാല്‍ വഞ്ചിയെ പോലെ പിടിച്ചു കെട്ടാനൊക്കുമോ.അതു പറ്റുകയുമില്ല.പൈക്കളെ മേയ്ക്കാന്‍ മലയിലേക്ക് കൊണ്ടു പോകുമ്പോള്‍ അല്ലെങ്കില്‍ അവ അലഞ്ഞു തിരിയുമ്പോള്‍ മുഷിയാതെയിരിക്കാന്‍.മരക്കമ്പുകള്‍‍ കൊണ്ട് കമ്യൂണിസ്റ്റ് പച്ചയുടെ ഇളം കഴുത്തുകള്‍ അരിയാം ചിത്രകഥകളില്‍ വായിക്കുന്ന യുദ്ധങ്ങള്‍ അനുസ്മരിക്കാം. യോഡ്ധാവിനെ പോലെ ശത്രുക്കളേ കൊന്നു തള്ളാം.തലയറ്റു വീഴുന്ന കമ്യൂണിസ്റ്റ് പച്ചകള്‍ ഊറിച്ചിരിച്ചിട്ടുണ്ടാ‍ാവണം ഈ വിഡ്ഡിത്തം കണ്ടിട്ട്.തമ്മില്‍ തമ്മില്‍ പിന്നീട് ഈ സ്വപ്നജീവി അവരുടെ വെടിപറച്ചിലില്‍ ഒരു തമാശ കഥാപാത്രമായിട്ടുണ്ടാവണം.

കഷ്ടം.......

(തീര്‍ന്നില്ല പഴമ്പുരാണം..)

Monday, 16 July 2007

ആ മഴ വേണ്ടിയിരുന്നില്ല

അക്കോല്ലം തീരെ മഴ പെയ്തില്ല.

മഴ ഇന്നു തുടങ്ങു നാളെ തുടങ്ങും എന്നൊക്കെ ആകാശവാണിക്കാര്‍ പറഞ്ഞു എന്നല്ലാതെ മഴ മാത്രം കണ്ടില്ല.മഴ പെയ്ത് തണുപ്പ് പരന്ന് എന്റെ വീടിന്റെ അടുത്തുള്ള കുളവും അക്കൊല്ലം നിറഞ്ഞില്ല.ഞങ്ങളുടെ കുളത്തിന് അടുത്ത പുഴയുമായി എന്തോ കാണാത്ത ഒരു ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു.പുഴയില്‍ വെള്ളം പൊങ്ങുമ്പോള്‍ കുളവും നിറഞ്ഞു കവിഞ്ഞിരുന്നു.മഴ പെയ്ത് ഭൂമി തണുത്താല്‍ പിന്നെ എന്റെ വീടിന് ചുറ്റും ഉറവ പൊട്ടി തുടങ്ങും.പിന്നെ കാലു വെക്കുന്നിടത്തെല്ലാം കുഴിയും കാലിന്റെ വിരലിനിടയില്‍ ഒരു തരം ചൊറി വരും.മൈലാഞ്ചിയിട്ടും എന്തോ മരുന്നു പുരട്ടിയുമെല്ലാം വിരലിനെ നാട്ടുകാര്‍ വിരലിനെ കാത്തു.നന്നായി ഉറവ പൊട്ടി തുടങ്ങിയാല്‍ പിന്നെ പറമ്പില്‍ അങ്ങിങ്ങ് ഉണ്ടായിരുന്ന പാണല്‍ കാടുകളില്‍ എല്ലാം ഒരു മഞ്ഞ നിറം പരക്കും.വാഴയുടെ ഇലയും മറ്റും മഞ്ഞ നിറം എടുക്കും.മഴ ആര്‍ത്തു പെയ്യുമ്പോള്‍ എന്റെ വീടിന്റെ ചുറ്റുമുള്ള കവുങ്ങുകള്‍ വല്ലാത്ത ആവേശത്തോടെ ആടിയുലയും.പൊട്ടി വീഴുമോ എന്നു തോന്നുമാറ് വളഞ്ഞു ഉലഞ്ഞു വരും.ഒരു പക്ഷെ ഒന്നും വീടിന് മുകളിലേക്ക് വീണില്ല.ഒരു പക്ഷെ ഞാന്‍ കാണാത്ത ഒരു കയറ് കൊണ്ട് ദൈവം അതെല്ലാം മറ്റു വല്ല മരത്തിലേക്കും പിടിച്ചു കെട്ടിയിരിക്കാം.ദൈവത്തിന്റെ കൈയില്‍ ഒരുപാട് കയറുകള്‍ ഉണ്ടല്ലോ ....
മഴ പെയ്തു ചെളി നിറഞ്ഞ റോഡില്‍ ലോറികള്‍ പോയതിന്റെ അടയാളം കാണാം.ചക്രങ്ങള്‍ ഉണ്ടാക്കിയ വലിയ കനാലുകള്‍ക്കിടയിലുള്ള തുരുത്തിലൂടെയായി ഞങ്ങളുടെ യാത്ര.നന്നായൊന്നു മഴപെയ്താല്‍ ഞങ്ങളുടെ നാട്ടില്‍ വെള്ള പൊക്കം വരും , എല്ലാവരും അത് ആഘോഷമായെടുത്തു.വെള്ളം ഇറങ്ങുന്നു എന്നറിയുമ്പോള്‍ ഞങ്ങളുടെ മുഖം മ്ലാനമായി.വെള്ളപ്പൊക്ക ദുരിതം മൂലം മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരെ ഞങ്ങള്‍ അല്‍ഭുതത്തോടെ നോക്കി, വെള്ളപ്പോക്കം കൊണ്ട് എന്ത് ദുരിതമാണ് എന്ന അര്‍ഥത്തില്‍.പിന്നീട് എന്റെ അമ്മാവന്‍ പറഞ്ഞു.അവരുടെ ജീവിതത്തിലാണ് പ്രളയം വിതച്ചതെന്ന്. രംഗബോധമില്ലാത്ത ഒരു കോമാളി കണക്കെ വിധി അവരെ വേട്ടയാടിയിരിക്കണം.അല്ലാതെ അവരെന്തിന് ഇങ്ങനെ യാചകരായി.ഓര്‍മകളുടെ തള്ളിച്ചകളില്‍ ഞാന്‍ വിഷയം മാറിപ്പോകുന്നു.ചരിഞ്ഞും നിന്നും പെയ്യുന്ന മഴ നനയാത്രിക്കാന്‍ കുട തിരിച്ചു മറിച്ചും വെക്കണം.കുട പുറം മറയാതെ നോക്കണം.

മഴ മാസങ്ങള്‍ മഴയില്ലാതെ കടാന്നു പോയി.നാഗശ്ശേരി തോട്ടിലെ വെള്ളം സാധാരണ പോലെ ഒഴുകി .തോടിനരികിലുള്ള ചേര് മരത്തില്‍ നിന്നും കറുപ്പു പടര്‍ന്ന ഇലകള്‍ തോട്ടിലേക്ക് വീണു.അങ്ങാടിയില്‍ നിന്ന് നോക്കിയാല്‍ തോട്ടില്‍ കുളീക്കുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും കാണാം.തോടിന്റെ ഒത്ത മുകളിലൂടെയുള്ള റോഡിലൂടെ പോകുമ്പോള്‍ ഞാന്‍ പല തവണാ പെണ്ണൂങ്ങള്‍ കുളിക്കുന്ന കടവുകള്‍ കണ്ടിട്ടുണ്ട്.നോക്കാന്‍ ആശ തോന്നിയെങ്കിലും എന്തോ ഭയം കൊണ്ട് ഞാന്‍ അങ്ങോട്ടു നോക്കാതെ പോയി.ആണുങ്ങളുടെ കടവില്‍ കുളിക്കാന്‍ എനിക്കു നാണമായിരുന്നു.തൊട്ടടൂത്ത ചെറിയ സിമന്റ് പാലത്തിലൂടെ പെണ്‍ കുട്ടികള്‍ഊം പലപ്പോഴായി കടന്നു പോകാറുണ്ട്.വെള്ളം പൊങ്ങുന്ന കാലത്ത് കുട്ടികള്‍ കുട്ടികരണം മറിഞ്ഞ് ഈ സിമന്റ് പാലത്തില്‍ നിന്നും താഴോട്ടു ചാടും.... അങ്ങനെ ചാടിയതാണ് കുഞ്ഞന്‍ പക്ഷെ പിന്നെ ചിരിച്ച് അക്കരെ പറ്റിയില്ല......

മഴയില്ലാതിരുന്നിട്ടും ആ മൂന്നു ദിവസം മഴ കനത്തു തന്നെ പെയ്തു .പക്ഷെ ഉറവ പൊട്ടിയില്ല .ഭൂമി തണുത്തില്ല തോട്ടില്‍ മാത്രം അല്പം വെള്ളം പോങ്ങി.തീരാത്ത കടങ്ങള്‍ തീര്‍ക്കാന്‍ കുട്ടികള്‍ തോട്ടില്‍ ചാടിത്തകര്‍ത്തു.

കുപ്പായമിടാതെ കള്ളിതുണീയും തലയില്‍ ഒരു തോര്‍ത്തു മുണ്ടും മാത്രമായി നടക്കുന്ന കുഞ്ഞന്‍.നീളത്തിലുള്‍ല മുളയേണീയുമായി തെങ്ങിന്‍ തലപ്പുകളിലേക്ക് വലിഞ്ഞു കയറും.തേങ്ങയും ഇളന്നിയും(ഇളനീര്‍) കൊതുമ്പുമെല്ലാം വെട്ടിയിടും.പെട്ടെന്ന് തിരിച്ചിറങ്ങും.ഒരിക്കല്‍ ഞാനും പോയിട്ടുണ്ട് കുഞ്ഞന്റെ കൂടെ തേങ്ങയിടാന്‍ തെങ്ങില്‍ കയറാനല്ല .ഇട്റ്റ തേങ്ങകള്‍ പെറുക്കി കൂട്ടാന്‍.തേങ്ങിന്‍ തലപ്പിലെ പോറ്റിയും വിയര്‍പ്പും കൂടുമ്പോള്‍ വല്ലാത്ത ഒരു ചൂരാണ്. പക്ഷെ നല്ല മണമായിട്ടാണ് എനിക്ക് തോന്നിയത്.വെള്ളി ചിടിട്ട വാക്കത്തി തൊട്ടു തൊട്ടില്ല എന്നു തോന്നും പക്ഷെ തേങ്ങയും ഓലയുമെല്ലാം മുറിഞ്ഞു വീഴും.കത്തിയുടെ തിളങ്ങുന്ന വായ്തല കാണുമ്പോള്‍ എനിക്കു പേടിയായിട്ടുണ്ട്..

കുട്ടികളുടെ കൂടെ കുട്ടികരണം മറിഞ്ഞ് ചാടിയ കുഞ്ഞന്‍ തിരിച്ച് കയറിയില്ല.തോട്ടിലെ വെള്ള കലര്‍ന്ന നിറമുള്ള വെള്ളത്തിനടില്‍ എവിടെയോ ദൈവം മാത്രം കണ്ട ഒരു കരിങ്കല്ലുണ്ടായിരിക്കണം അതില്‍ തലതല്ലി ബോധം പോയതായിരിക്കും.ഏറെ നേരം കാണാതെയായപ്പോള്‍.പിന്നെ തിരഞ്ഞു കണ്ടുപിടിച്ചു.താഴെ ഒരു ചിറയില്‍ അടിഞ്ഞു കിടന്നിരുന്നു സ്വപ്നങ്ങളില്ലാത്ത ശരീരവുമായി.

ഇനി നാഗശ്ശേരിയില്‍ ആകാശത്തിലേക്ക് ഏണിയുമായി പാഞ്ഞു കയറാന്‍ കുഞ്ഞനില്ല.ആദ്യമായി ഞാന്‍ കുപ്പായമിടാത്ത കുഞ്ഞന്റെ മാറില്‍ വെള്ള തുണീ കൊണ്ട് മൂടിയത് കണ്ടു.

അക്കൊല്ലത്തെ ആ മഴ വേണ്ടിയിരുന്നില്ല.തോടും നിറയേണ്ടിയിരുന്നില്ല.

Wednesday, 27 June 2007

ചില വെറും കഥകള്‍

ചെറുപ്പം തൊട്ടെ എന്റെ സ്വപ്നങ്ങളില്‍ ‍ എന്നും ചെറിയ ചായപ്പീടികയിലെ ചെറിയ ചില്ലലമാരകൂട്ടിലെ പല‍ഹാരങ്ങള്‍ ഉണ്ടായിരുന്നു.വീട്ടിലെ പട്ടിണീ അടുപ്പുകളില്‍ വിളയുന്ന പലഹാരങ്ങള്‍ വയറിനു മാത്രമേ വിശപ്പു തീര്‍ത്തുള്ളൂ.മനസ്സിന്റെ വിശപ്പ് ബാക്കിയാക്കി.

ചില്ലലമാരയിലെ പലഹാരങ്ങള്‍ക്ക് ഞാന്‍ പുതിയ സ്വാതന്ത്ര്യത്തിന്റെ ലോകം കണ്ടു.വെടി പറഞ്ഞു ചായയും ഉണ്ടയും, പഴമ്പോരിയുമെല്ലാം തിന്നുന്ന കാരണാവന്മാരെ ഞാന്‍ ശക്തമായ സ്വാതന്ത്ര്യ അനുഭവിക്കുന്ന മഹാന്‍ മാരായാണ് കണ്ടത്.

ഒരിക്കലും തീ ആളിക്കത്താത്ത ചായപ്പീടിക ചകിരിയും ഉണങ്ങിയിട്ടില്ലാത്ത വിറകും ചായപ്പീടികയ്യുടെ ചുമരുകള്‍ക്ക് കരിനിറം നല്‍കി.ചായക്കാരന്റെ സംഭാഷണത്തിന്റെ മുക്കാല്‍ ഭാഗവും അടുപ്പ് കവര്‍ന്നെടുത്തിരുന്നു.അടുപ്പില്‍ ഊതാന്‍ അല്ലെങ്കില്‍ തീക്ക് ജീവന്‍ കൊടുക്കാന്‍ അയാള്‍ ഒരു പ്രഥമ ശുശ്രൂശക്കാരനെ പോലെ കുനിഞ്ഞ് നിന്ന് അഹോരാത്രം പണിപ്പെട്ടു.കറുത്ത നിറമുള്ള ഓടുകള്‍ക്കിടയിലൂടെ അലസമായി വരുന്ന വെള്ളയില്‍ ഇഴ മുറിഞ്ഞ പുക ആ അങ്ങാടിയുടെ സമയം കുറിച്ചു.

ദിവാകരേട്ടന്‍ കട തുറക്കണമെങ്കില്‍ രാവിലെ 5.30 മണീയാകും.അടക്കാന്‍ 9 മണിയും.ചെറിയ മുളക്കമ്പില്‍ കുത്ത്യെടുക്കുന്ന പുട്ട് നല്ല വാഴയിലയിലേക്ക് കുത്തിയിടുമ്പോള്‍ പുതിയ രുചിയുടെ ലോകം പിറക്കും.നാണയ തുട്ടുകളും ചത്ത നോട്ടുകളും എണ്ണികണക്കാക്കി പീടിക പൂട്ടുമ്പോള്‍ എന്നെങ്കിലും കിട്ടാതിരിക്കില്ല എന്ന പതിവു നിശ്വാസത്തില്‍ പറ്റു ബുക്കു മടക്കി വെക്കുന്നു.

പറ്റുകള്‍ക്കോ അത് കിട്ടുന്നതിലോ അല്ല കാര്യം എന്നും പീടിക തുറക്കുക എന്നുള്ളതാണ് എന്ന് ദിവാകരേട്ടന്‍ മനസ്സില്‍ പറഞ്ഞിരിക്കണം. വളരെ ശക്തമായി ഉരു‍ത്തിരിഞ്ഞു വരുന്ന കല്യാണ ചര്‍ച്ചകളും അടിയന്തിരങ്ങളും പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടും അല്ലാതെയും പോയി.പീടികയുടെ ചായ്പ് വിട്ട് എങ്ങോട്ടും പോവാത്ത ദിവാകരേട്ടന്‍ മാത്രം ലോകത്തിന്റെ സ്പന്ദനങ്ങള്‍ ഒന്നൊഴിയാതെ അറിഞ്ഞു, അഭിപ്രായങ്ങളും പറഞ്ഞു.പാവങ്ങളെ ഓര്‍ത്തു നെടുവീര്‍പ്പിട്ടു.തെരെഞ്ഞെടുപ്പുകളില്‍ ചേരിതിരിഞ്ഞുള്ള വാചക കസര്‍ത്തുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ദിവാകരേട്ടന്‍ ഒന്നിനും അഭിപ്രായം പറഞ്ഞീല്ല.അല്ലെങ്കില്‍ അതിനൊന്നും ദിവാകരേട്ടന്‍ ഒരു വിലയും കല്പിച്ചില്ല.

കുട്ടികള്‍ മുറ്റത്തു നടുന്ന ചെറുയ കാശിതുമ്പപൂക്കളെ പോലെ അത് ആര്‍ക്കോ വേണ്ടി പൂവിടുന്നതല്ലേ എന്ന് ഓര്‍ത്തിരിക്കണം.

കത്തിയെരിയുന്ന വേനലിലും ആര്‍ത്തു പെയ്യുന്ന വര്‍ഷ കാലത്തും കറുത്തിരുണ്ട ഓടുകള്‍ക്കിടയിലൂടെ ഒരേ പോലെ പുക പടലങ്ങള്‍ ഉയര്‍ന്നു.അല്‍മാരയില്‍ ഒരിക്കലും നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ പലഹാരങ്ങള്‍ വന്നില്ല.പൈസ വെക്കുന്ന മേസയോ പഴക്കുല തൂക്കിയിടുന്ന സ്ഥാനമോ അല്പം പോലും മാറിയില്ല.പച്ച ബെല്‍ട്ടും, കള്ളി ത്തുണിയും ,പിന്നെ കൈയുള്ള വെള്ള ബനിയനും.

എന്റെ സ്വപ്നങ്ങളുടേ ചില്ലലമാരക്കൂടിന്റെ കാവല്‍ കാരന്റെ ചിത്രം പൂര്‍ണമാവാന്‍ ഇത്രമാത്രം മതി.

ഒടുവില്‍ ക്യാന്‍സര്‍ വന്ന് കിടക്കുമ്പോള്‍ ഞാന്‍ കാണാന്‍ പോയപ്പോഴും നാഗശേരിയിലെ കഥകള്‍ ഒന്നു വിട്ടുപോകാതെ അദ്ദേഹം എന്നോട് പറഞ്ഞു.ഞാന്‍ എല്ലാം അറിഞ്ഞിട്ടു കൂടി.കാന്‍സര്‍ ആശുപത്രിയില്‍ കിടക്കുന്ന മറ്റു രോഗികളുടെ കഥന കഥകള്‍ പറഞ്ഞു.

ഞാന്‍ എന്നും അദ്ദേഹത്തിന്റെ ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നിട്ടും.അദ്ദേഹത്തിന് എന്നെ നന്നായി അറിയാമായിരുന്നു.സരസമായി മാത്രം സംസാരിച്ചിരുന്നതു കേട്ടപ്പോല്‍ ഞാന്‍ കരുതി ഇനിയും അയാള്‍ പ്രതീക്ഷയ്യുടെ പുകച്ചുരുകള്‍ പടച്ചു വിടാന്‍ വീണ്ടും അങ്ങാടിയില്‍ എത്തുമെന്ന്.

----------------------------പക്ഷെ ഒന്നുമുണ്ടായില്ല.-------------------------